മാർക്സിസ്റ്റ് പാർട്ടി അതിന്റെ വാർദ്ധക്യത്തിലായിട്ട് കുറച്ചു നാളായി. ഇന്ത്യയിൽ പൊതുവെ ഒരു രാഷ്ട്രീയ പാർട്ടിയും മരിക്കാറില്ല. പലകഷണങ്ങളായി മുറിഞ്ഞ് അവ പിന്നെയും മുറിഞ്ഞ് മുടിയുകയും ചെയ്യും.
കമ്യൂണിസ്റ്റ് പാർട്ടികൾക്കും ഒരുപാട് വ്യത്യസ്തതാവകാശപ്പെടാനില്ല.
മാർക്സിസ്റ്റ് പാർട്ടി ഒരപവാദമാകാൻ തീവ്രമായി പ്രയത്നിക്കുകയും ഒരളവുവരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
എ.വി.ആര്യൻ, എം.വി.രാഘവൻ, കെ.ആർ.ഗൗരി ഓരോ പുറത്താകലും (പുറത്താക്കലും) ദാ ഇപ്പോൾ പാർട്ടി പിളരും എന്ന തോന്നലും ഉണ്ടാക്കിയിരുന്നു.
വി.എസ് പാർട്ടിയെ ഇപ്പോൾ പിളർത്തും എന്ന മോഹം (പേടി) കഴിഞ്ഞ കുറേക്കാലം പലരും പുലർത്തിയിരുന്നു.
പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ പിളർപ്പ് എന്നു കരുതിയവർ എല്ലാം അതു വി.എസ്. വഴി നടക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. കാരാട്ടിനും ഭയമുണ്ടായിരുന്നു, പിളർപ്പിനെ. പക്ഷേ അത് വി.എസ് വഴിയായിരിക്കില്ല എന്നും കാരാട്ടിന് അറിയാമായിരുന്നു. കാരാട്ട് ഭയന്നത് പക്ഷേ ബുദ്ധനെയാണ്. സാക്ഷാൽ ബുദ്ധദാ. ബുദ്ധദേബ് ഭട്ടാചാർജി.
യു.പി.എ 1ന് പിന്തുണ പിൻവലിച്ചതു മുതൽ ദാ ഇടം തടിച്ചു നില്പാണ്. യു.പി.എ 1 ന്റെ കാലമായിരുന്നു ദായുടെ പുഷ്കരകാലം. ഫണ്ടിനു ഫണ്ട്. പ്രതിപക്ഷം പേരിനു മാത്രം. മമതയുടെ നാക്കിനുപോലും ഉണ്ടായിരുന്നു ഒരു കടിഞ്ഞാൺ.
ഇന്നിപ്പോൾ ഭരണത്തിലിരിക്കുമ്പം മമത പഴയ സിദ്ധാർഥ ശങ്കരിറിനു പഠിക്കുകയാണ്.
ഇ മെയിൽ ഫോർവേഡ് ചെയ്താൽ പോലീസ് പിടിക്കുന്ന അവസ്ഥ. തൃണമൂൽ ഗുണ്ടകൾ പാർട്ടി നേതാക്കളെപ്പോലും വെറുതെ വിടുന്നില്ല. ഈ തീക്കളി വർദ്ധിക്കാനാണു സാദ്ധ്യത. അങ്ങനെയെങ്കിൽ നിലനില്പിന് ബുദ്ധൻ എന്തു ചെയ്യും.
ഇനി ബുദ്ധന്റെ സ്വാഭാവിക കൂട്ട് കോൺഗ്രസായിരിക്കും. കോൺഗ്രസിനാണെങ്കിൽ മമതയെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയും.
എനിക്കിനി കൊൽക്കൊത്ത മതി. ദില്ലിക്കു പോലുമില്ല, പിന്നല്ലേ കാലിക്കറ്റിന് എന്ന് ബുദ്ധന്റെ ചൊദ്യം.
പണ്ടു കോളിജിൽ പഠിച്ചിരുന്ന കാലം. ചില ബോറൻ ക്ലാസിൽ പെട്ടു പോകും. കൂട്ടുകാരാണെങ്കിൽ പുറത്തും. സഹിക്കാൻ പറ്റാതെ വരുമ്പോൾ ഒരിത്തിരി അല്മ്പാക്കിയാൽ മതി, മാഷ് പിടിച്ച് ക്ലാസിന് പുറത്താക്കും. പാവം മാഷിനറിയില്ലല്ലോ, അതിനാണ് അലമ്പുണ്ടാക്കിയതെന്ന്.
ബുദ്ധന്റെ കളിയും അതു തന്നെ. പക്ഷേ കാരാട്ടിന് മാഷന്മാരേക്കാൾ വിവരമുള്ളതു കൊണ്ട് പുറത്തു വിടില്ല.
ബുദ്ധനു രക്തസാക്ഷിപരിവേഷത്തോടെ പാർട്ടിക്കു പുറത്തിറങ്ങാൻ പറ്റില്ല.
എന്നാൽ ഇറങ്ങിയേ പറ്റുള്ളു താനും.
അടുത്ത പാർലമെന്റ് ഇലക്ഷനു മുൻപ് ബംഗാൾ പാർട്ടി ഉണ്ടാകും. അവരും കോൺഗ്രസും ചേർന്ന് അളിയൻസ്.
മാർക്സിസ്റ്റ് പാർട്ടി വെറുമൊരു കേരളാപാർട്ടി ആകും.
മാർക്സിസ്റ്റ് പാർട്ടി ഓഫ് കേരള.
പിബിയിൽ വരുന്ന വേക്കൻസിയിലേക്ക് വി.എസിന് കൊതിക്കാം.
പ്രതീക്ഷ. അതല്ലേ മനുഷ്യന് മുന്നോട്ടു ജീവിക്കാൻ പ്രചോദനം.